അടുത്തയാഴ്ച നാട്ടിലേക്ക് വരുവാനുള്ള തയ്യാറെടുപ്പുകൾക്കിടെ മലയാളി യുവാവ് സൗദിയിൽ മരിച്ചു.
Editors Pick
September 01, 2026 | 11:28 AM
തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്തുള്ള അൽ ഹറൈളയിൽ ജോലി ചെയ്തിരുന്ന മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) അബ്ദുസ്സലാം (41) ആണ് മരിച്ചത്. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്. അൽ ഹറൈളയിലെ ഒരു ബഖാലയിൽ (ഗ്രോസറി) ജീവനക്കാരനായിരുന്നു.
രാവിലത്തെ ഡ്യൂട്ടിക്ക് ശേഷം മുറിയിൽ വിശ്രമിക്കുമ്പോഴാണ് അബ്ദുസ്സലാമിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങി സ്പോൺസർഷിപ്പ് മാറ്റം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതിനുപിന്നാലെ അടുത്തയാഴ്ച നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അപ്രതീക്ഷിത മരണം. മൃതദേഹം നിലവിൽ അൽ ഖഹ്‌മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണവിവരമറിഞ്ഞ് സഹോദരി ഭർത്താവ് ബഷീർ ജിദ്ദയിൽനിന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. ദർബ് കെ.എം.സി.സി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികളാണ് മരണാനന്തര നിയമനടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്
Comments