78-ാം വയസ്സിൽ എം.എ പരീക്ഷ എഴുതി ഫലം കാത്ത് സരോജിനിയമ്മ: പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച് റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
Editors Pick
August 29, 2026 | 09:07 AM
സ്വപ്നങ്ങൾ നേടിയെടുക്കാൻ പ്രായം ഒരു തടസ്സമേയല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് തൊടുപുഴ കുടയത്തൂർ ചേലപ്ലാക്കൽ വീട്ടിൽ കെ.ഐ. സരോജിനി അമ്മ . സർവ്വീസിൽ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കേണ്ട സമയത്ത്, തന്റെ എഴുപത്തിയെട്ടാം വയസ്സിൽ ബിരുദാനന്തര ബിരുദത്തിന്റെ പരീക്ഷാഫലവും കാത്തിരിക്കുകയാണ് ഈ അമ്മ. 1966-ൽ പത്താം ക്ലാസ് പാസായ സരോജിനിക്ക് പിന്നീട് ആദായനികുതി വകുപ്പിലാണ് ജോലി ലഭിച്ചിരുന്നത് . ഔദ്യോഗിക തിരക്കുകൾക്കും കുടുംബകാര്യങ്ങൾക്കും ഒപ്പം ജീവിതം മുന്നോട്ടുപോകുന്നതിനിടെ 2008-ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് അവർ സർവീസിൽ നിന്ന് വിരമിചിരിക്കുന്നത്. വിരസമായ ഒരു വിശ്രമജീവിതത്തിന് പകരം എപ്പോഴും സജീവമായിരിക്കാൻ പഠനം പുനരാരംഭിക്കുകയാണ് നല്ലതെന്ന് സരോജിനിയമ്മ തീരുമാനിക്കുകയായിരുന്നത്.
ഉള്ളിലുണ്ടായിരുന്ന പഠനമോഹത്തിന് വീണ്ടും ജീവൻ നൽകിയ ഈ തീരുമാനമാണ് പിന്നീട് വലിയൊരു വിജയഗാഥയായി മാറിയിരിക്കുന്നത്. 2020-ൽ പ്ലസ്ടു പാസായ സരോജിനിയമ്മ അതേ വർഷം തന്നെ ബിരുദ പഠനത്തിനും ചേർന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് ഓൺലൈൻ ക്ലാസുകളിലൂടെയും വോയ്സ് നോട്ടുകളിലൂടെയും പഠനം തുടർന്ന അവർ, 2024-ൽ തന്റെ 76-ാം വയസ്സിൽ തൊടുപുഴ എം.ജി. കോളേജിൽ നിന്ന് ബി.എ. ഹിസ്റ്ററിയിൽ ബിരുദം സ്വന്തമാക്കിയത് . ഇതോടെ പഠനം അവസാനിപ്പിക്കാതെ എം.എ കൂടി ചെയ്യണമെന്ന ആഗ്രഹത്താൽ 2024-ൽ തന്നെ ബിരുദാനന്തര ബിരുദത്തിനും ചേർന്നു. പൂർണ്ണമായും ഓൺലൈനിലൂടെയായിരുന്നു എം.എ. പഠനവും. ഈ പഠനവും പൂർത്തിയാക്കി ഇപ്പോൾ നാലാം സെമസ്റ്റർ പരീക്ഷയും എഴുതി ഫലം കാത്തിരിക്കുകയാണ് സരോജിനിയമ്മ.
Comments