പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് വൻ തീപിടുത്തം; ഡ്രൈവർ വെന്തുമരിച്ചു
Editors Pick
August 28, 2026 | 07:24 AM
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ രണ്ട് ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടുത്തത്തിൽ ഒരു ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. കരിമ്പുഴ ആറ്റാശ്ശേരി പനാംകുന്ന് സ്വദേശി ചെരിപ്പുറത്ത് നസറുദ്ദീൻ (43) ആണ് വാഹനത്തിന്റെ കാബിനുള്ളിൽ കുടുങ്ങി വെന്തുമരിച്ചിരിക്കുന്നത് . വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളം സൊസൈറ്റിക്ക് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നിരിക്കുന്നത്.
പെരിന്തൽമണ്ണയിൽ കാറുകൾ ഇറക്കിയ ശേഷം പാലക്കാട്ടേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയും, കോഴിത്തീറ്റയുമായി എതിർദിശയിൽ വരികയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയും നിമിഷനേരം കൊണ്ട് ആളിക്കത്തുകയുമായിരുന്നത് . അപകടകാരണം വ്യക്തമല്ലെങ്കിലും, റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാകാം കൂട്ടിയിടിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം ഉണ്ടായത്.
വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്ക് തീ ആളിപ്പടർന്നതിനാൽ വാഹനങ്ങൾക്ക് അടുത്തേക്ക് എത്താനോ രക്ഷാപ്രവർത്തനം നടത്താനോ സാധിച്ചില്ല. ഇതിനിടെ കണ്ടെയ്നർ ലോറി ഡ്രൈവറായ ജാർഖണ്ഡ് സ്വദേശി ഉദയകുമാർ (35) വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചരക്കുലോറിയുടെ ഡ്രൈവറായ നസറുദ്ദീന് കാബിനിൽ നിന്ന് പുറത്തുകടക്കാനായിരുന്നില്ല .
Comments