വായ്പ തിരിച്ചടവിൽ ഇരട്ടത്താപ്പ്: വൻകിടക്കാർക്ക് കോടികളുടെ ഇളവ്; സാധാരണക്കാരോട് ദയയില്ലാതെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
Editors Pick
August 27, 2026 | 09:49 AM
സാധാരണക്കാരായ ഇടപാടുകാരിൽ നിന്ന് വായ്പാത്തുക ഈടാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുന്ന ബാങ്കുകൾ, വൻകിടക്കാരുടെ കാര്യത്തിൽ കാണിക്കുന്നത് വലിയ ഇളവുകളാണ് . സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരാവകാശ രേഖകളിലാണ് വായ്പ തിരിച്ചുപിടിക്കുന്നതിലെ ഈ ഇരട്ടത്താപ്പ് പുറത്തുവന്നിരിക്കുന്നത് . z2016-17 മുതൽ 2025-26 വരെയുള്ള പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ചെറുകിടക്കാരിൽ നിന്നുള്ള റിക്കവറി നിരക്ക് വളരെ കൂടുതലും വൻകിടക്കാരുടേത് തീർത്തും തുച്ഛവുമാണെന്ന് വ്യക്തമാകുന്നത്.
നൂറ് കോടി രൂപയ്ക്ക് മുകളിൽ വായ്പയുള്ള വൻകിടക്കാരുടെ 26701.55 കോടി രൂപയുടെ കടമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയിരിക്കുന്നത് . ഈ വായ്പകളിൽ നിന്ന് വെറും 3874.41 കോടി രൂപ മാത്രമാണ് ബാങ്കിന് തിരിച്ചുപിടിക്കാനായിരിക്കുന്നത് . അതായത് എഴുതിത്തള്ളിയ തുകയുടെ 14.5 ശതമാനം മാത്രം. ബാക്കി വരുന്ന 85 ശതമാനത്തിലധികം തുകയും ഈടാക്കിയിട്ടില്ല. എന്നാൽ ഒരു കോടി രൂപയിൽ താഴെ വായ്പയുള്ള ചെറുകിടക്കാരുടെ കാര്യത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സാധാരണക്കാരുടെ 6774.23 കോടി രൂപയുടെ കടങ്ങളിൽ 5004.28 കോടി രൂപയും ബാങ്ക് തിരിച്ചുപിടിച്ചത് . ഏകദേശം 74 ശതമാനമാണ് സാധാരണക്കാരിൽ നിന്നുള്ള റിക്കവറി നിരക്ക്.
2018-19 സാമ്പത്തിക വർഷത്തിലാണ് വൻകിടക്കാരുടെ വായ്പകൾ ഏറ്റവുമധികം എഴുതിത്തള്ളിയിരിക്കുന്നത്. 7002.58 കോടി രൂപ എഴുതിത്തള്ളിയ ആ വർഷം തിരിച്ചുപിടിച്ചത് വെറും 761.01 കോടി രൂപ മാത്രമാണ്. 2024-25 വർഷത്തിൽ 2255.61 കോടി രൂപ എഴുതിത്തള്ളിയപ്പോൾ 53.42 കോടി രൂപ മാത്രമാണ് ബാങ്കിന് ലഭിച്ചിരിക്കുന്നത് .
പുനെ ആസ്ഥാനമായുള്ള സജഗ് നാഗരിക് മഞ്ച് പ്രസിഡന്റും വിവരാവകാശ പ്രവർത്തകനുമായ വിവേക് വേളങ്കർ നൽകിയ അപേക്ഷയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ നൂറ് കോടി രൂപയ്ക്ക് മുകളിൽ കടം വരുത്തിയ വൻകിടക്കാരുടെ പേരുകൾ വെളിപ്പെടുത്താൻ ബാങ്ക് തയ്യാറായിട്ടില്ല. ഇത് മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങളാണെന്നാണ് ബാങ്കിന്റെ ന്യായം ഉണ്ടായത് . എൻസിഎൽടി പോലുള്ള ഫോറങ്ങൾ വഴി തീർപ്പാക്കിയ വായ്പകളുടെ വിവരങ്ങൾക്കും ബാങ്ക് കൃത്യമായ മറുപടി നൽകിയില്ല.
ചെറുകിട വായ്പക്കാരുടെ പേരുകൾ പത്രങ്ങളിൽ പരസ്യപ്പെടുത്തുകയും വീടും സ്ഥലവും ഉൾപ്പെടെ ജപ്തി ചെയ്യുകയും ചെയ്യുന്ന ബാങ്കുകൾ, കോടികൾ വെട്ടിച്ച വൻകിടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിവേക് വേളങ്കർ കുറ്റപ്പെടുത്തിയത് . വൻകിട വായ്പകൾ യാതൊരു സുരക്ഷയുമില്ലാതെ അനുവദിച്ചതിലും റിക്കവറി കുറഞ്ഞതിലും ബാങ്ക് ബോർഡിനുള്ള ഉത്തരവാദിത്തം അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത് .
Comments