Saturday, September 05, 2026
News99 Kerala

കപ്പില്‍ സഞ്ജു ചേട്ടന്റെ ഒപ്പ് ട്വന്റി-20 ലോകകപ്പുയർത്തി ഇന്ത്യ.ഫൈനലിൽ കിവീസിനെ 96 റൺസിന് തോൽപ്പിച്ചു..

Logo
Sports March 09, 2026 | 12:57 AM
News Image
അഹമ്മദാബാദ് : ഇന്ത്യയുടെ കിരീട സ്വപ്നം സഫലമാക്കുന്നതിൽ മുന്നണി പോരാളി. ഈ ലോകകപ്പിലെ തന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയുമായി സഞ്ജു സാംസൺ.

അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഉയർത്തിയത് 255/5 എന്ന ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന സ്കോർ ആണ്.സഞ്ജു സാംസണ്‍ (46 പന്തുകളില്‍ എട്ടുഫോറും അഞ്ചുസിക്സുമടക്കം 89 റണ്‍സ് ), അഭിഷേക് ശർമ്മ (21 പന്തുകളില്‍ ആറുഫോറും മൂന്ന് സിക്സുമടക്കം 52 റണ്‍സ് ), ഇഷാൻ കിഷൻ (25 പന്തുകളില്‍ നാലുവീതം ഫോറും സിക്സുമടക്കം 54 റണ്‍സ്) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ഈ കൂറ്റൻ സ്കോർ നല്‍കിയത്. സഞ്ജുവും ഇഷാനും സൂര്യയും ഒരേ ഓവറില്‍ പുറത്തായതിന് ശേഷം ഇന്ത്യയൊന്ന് പതറിയില്ലായിരുന്നെങ്കില്‍ ടീം സ്കോർ 300ലെത്തിയേനെ. എങ്കിലും ഹാർദിക് പാണ്ഡ്യയും (18) ശിവം ദുബെയും (26 നോട്ടൗട്ട്) ചേർന്ന് 255ലെത്തിച്ചു.

മറുപടിക്കിറങ്ങിയ കിവീസിന് 47 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ തന്നെ കളിയുടെ ഗതി വ്യക്തമായി. അർദ്ധസെഞ്ച്വറി നേടിയ ടിം സീഫർട്ട് (52), ക്യാപ്ടൻ മിച്ചല്‍ സാന്റ്നർ (43) എന്നിവർ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുമായി ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റുമായി അക്ഷർ പട്ടേലും കളം നിറഞ്ഞതോടെ കിവീസ് ഛിന്നഭിന്നമായി. ബുംറ പ്ളേയർ ഒഫ് ദ ഫൈനലായപ്പോള്‍ സഞ്ജു പ്ളേയർ ഒഫ് ദ ടൂർണമെന്റായി.

ഇന്ത്യ മാറ്റമില്ലാതെ.

സെമിഫൈനലില്‍ ഇംഗ്ളണ്ടിനെ തോല്‍പ്പിച്ച ടീമില്‍ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കിവീസ് സെമിയില്‍ കളിച്ച ടീമില്‍ പരിക്കേറ്റ മക്കോഞ്ചിക്ക് പകരം ജേക്കബ് ഡഫിയെ കളത്തിലിറങ്ങും കയായിരുന്നു .ടോസ് നേടിയ കിവീസ് ക്യാപ്ടൻ മിച്ചല്‍ സാന്റ്നർ മറ്റൊന്നും ആലോചിക്കാതെ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

സഞ്ജുവും അഭിഷേകും കൂടിയാണ് ഓപ്പണിംഗിനെത്തിയത്. മാറ്റ് ഹെൻറി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലുപന്തുകള്‍ ക്ഷമയോടെ നേരിട്ട സഞ്ജു അഞ്ചാമത്തെ പന്തില്‍ മിഡ്‌ഓണിന് മുകളിലൂടെ ഗാലറിയിലേക്ക് സിക്സടിച്ച്‌ ആരാധകരെ ആവേശം കൊള്ളിച്ചു.ഇന്ത്യ നേടിയത് ആദ്യ ഓവറില്‍ ഏഴ് റൺസാണ്. രണ്ടാം ഓവറില്‍ ഗ്ളെൻ ഫിലിപ്പ്സ് അഞ്ചുറണ്‍സേ വിട്ടുനല്‍കിയുള്ളൂ.മൂന്നാം ഓവറില്‍ ഡഫിയെ തുടർച്ചയായ രണ്ട് ബൗണ്ടറികള്‍ക്ക് പറത്തി അഭിഷേക് ഫോമിലേക്കെത്തി. ഈ ഓവറിന്റെ അവസാനപന്തില്‍ സഞ്ജുവും ബൗണ്ടറി കണ്ടെത്തി.

തകർത്തടിച്ച്‌ സഞ്ജുവും
അഭിഷേകും

നാലാം ഓവറില്‍ പന്തെടുത്ത ഫെർഗൂസനെ ഫോറും സിക്സും പായിച്ചാണ് അഭിഷേക് സ്വാഗതം ചെയ്തത്. ഈ ഓവറില്‍ സഞ്ജുവും ഓരോ ഫോറും സിക്സും നേടിയതോടെ ഇന്ത്യയ്ക്ക് ആകെ ലഭിച്ചത് 24 റണ്‍സ്.4 ഓവറിൽ ഇന്ത്യ 51ലെത്തുകയും ചെയ്തു. അടുത്ത ഓവറില്‍ ഹെൻറിയെ അഭിഷേകും സഞ്ജുവും ഓരോ സിക്സടിച്ചു. ആകെ 21 റണ്‍സും നേടി. ആറാം ഓവറില്‍ ഡഫിയെ അഭിഷേക് മൂന്ന് ഫോറുകള്‍ക്കും ഒരു സിക്സിനും ശിക്ഷിച്ചു. ഈ ഓവറില്‍ 20 റണ്‍സ് അക്കൗണ്ടിലെത്തിയതോടെ ഇന്ത്യ പവർപ്ളേയില്‍ 92 റണ്‍സിലെത്തി. ഈ ലോകകപ്പിലെ പവർപ്ളേയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. നേരിട്ട 18-ാമത്തെ പന്തില്‍ അഭിഷേക് അർദ്ധസെഞ്ച്വറിയിലുമെത്തി.

ഔട്ട്, അഭിഷേക്

അഭിഷേക് എട്ടാം ഓവറിന്റെ ആദ്യ പന്തിലാണ് ഗാലറിയെ നിശബ്ദമാക്കി മടങ്ങിയത്. രചിൻ രവീന്ദ്രയുടെ വൈഡ്ബാളില്‍ ബാറ്റെത്തിപ്പിടിച്ച്‌ കീപ്പർ സീഫർട്ടിന് ക്യാച്ച്‌ സമ്മാനിക്കുകയായിരുന്നു അഭിഷേക്. ഇതോടെ ഇന്ത്യ 98/1 എന്ന നിലയിലായി.തുടർന്ന് ക്രീസിലേക്ക് എത്തിയ ഇഷാൻ ഈ ഓവറിന്റെ അവസാന രണ്ടുപന്തുകളും ബൗണ്ടറി പായിച്ചു. ഇന്ത്യ 100 കടക്കുകയും ചെയ്തു. ആദ്യ പത്തോവർ പിന്നിടുമ്പോള്‍ ഇന്ത്യ 127/1 എന്ന നിലയിലായിരുന്നു.11-ാം ഓവറില്‍ നേരിട്ട 33-ാമത്തെ പന്തില്‍ സഞ്ജു ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയിലെത്തി.12-ാം ഓവറില്‍ ഫെർഗൂസനെതിരെ സഞ്ജു രണ്ട് സിക്സുകളും ഒരു ഫോറും ഇഷാൻ ഒരു സിക്സും നേടി.ഇന്ത്യ 150 കടക്കുകയും ചെയ്തു. 15 ഓവറില്‍ ഇന്ത്യ 200 ഉം കടന്നു.

വിക്കറ്റുകൾ തുരുതുരാ..

16-ാം ഓവറിലാണ് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് നീഷം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ആദ്യ പന്തില്‍ ഉയർത്തിയടിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിനരികില്‍ സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡർ മക്കോഞ്ചി പിടികൂടുകയായിരുന്നു.അഞ്ചാം പന്തില്‍ ഇഷാനെ ചാപ്പ്മാനും അവസാനപന്തില്‍ സൂര്യകുമാറിനെ (0) രചിൻ രവീന്ദ്രയും പിടികൂടിയതോടെ ഇന്ത്യ 203/1 എന്ന നിലയില്‍ നിന്ന് 204/4 എന്ന നിലയിലേക്കായി. എന്നാല്‍ ഹാർദിക് പാണ്ഡ്യയും (18) ശിവം ദുബെയും (8 പന്തുകളില്‍ 26 റണ്‍സ് )ചേർന്ന് 255ലെത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ 24 റണ്‍സാണ് ദുബെ അടിച്ചുകൂട്ടിയത്.

തുടക്കത്തിലേ തിരിച്ചടി

ആദ്യ ഓവറില്‍ അർഷ്ദീപിന്റെ ബൗളിംഗില്‍ ഫിൻ അല്ലെൻ നല്‍കിയ ഈസി ക്യാച്ച്‌ ശിവം ദുബെ കളഞ്ഞെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്താൻ അധികം കാത്തിരിക്കേണ്ടിവന്നില്ല.രണ്ടാം ഓവറില്‍ ഹാർദിക് പാണ്ഡ്യ 21 റണ്‍സാണ് വിട്ടുകൊടുത്തത്. എന്നാല്‍ മൂന്നാം ഓവറില്‍ അക്സർ പട്ടേല്‍ അല്ലെന് മടക്കടിക്കറ്റ് നല്‍കി. ലോംഗ് ഓണിലേക്ക് ഉയർത്തിയടിച്ച അല്ലെനെ (9) തിലക് വർമ്മ ഈസിയായി കൈയിലൊതുക്കുകയായിരുന്നു.നാലാം ഓവറില്‍ ബുറംയെ പന്തേല്‍പ്പിച്ച ക്യാപ്ടൻ സൂര്യയ്ക്ക് പിഴച്ചില്ല. ആദ്യ പന്തില്‍ രചിൻ രവീന്ദ്രയെ(2) ഇഷാൻ ഡൈവ് ചെയ്ത് കയ്യിലൊതുക്കി. അഞ്ചാം ഓവറില്‍ അക്സർ വീണ്ടും അവതരിച്ചു. ഇത്തവണ ഗ്ളെൻ ഫലിപ്പ്സിന്റെ (5) കുറ്റി തെറിക്കുകയായിരുന്നു. ഇതോടെ കിവീസ് 47/3 എന്ന നിലയിലായി. ആദ്യ ആറോവർ പവർപ്ളേയില്‍ 52 റണ്‍സിലെത്താനേ കിവീസിനായുള്ളൂ.

സീഫർട്ടും വീണു

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും കിവീസിനെ മുന്നോട്ടുനയിച്ചത് ടിം സീഫർട്ടായിരുന്നു. ഏഴാം ഓവറില്‍ മാർക്ക് ചാപ്പ്മാനെ (3) ഹാർദിക് പാണ്ഡ്യ പുറത്താക്കിയതിന് പിന്നാലെ സീഫർട്ടിന് വരുണ്‍ മടക്കടിക്കറ്റ് നല്‍കി. 22 പന്തുകളില്‍ രണ്ട് ഫോറുകളും അഞ്ച് സിക്സും അടക്കം 52 റണ്‍സ് നേടിയ സീഫർട്ടിനെ ഡീപ് മിഡ് വിക്കറ്റില്‍ ഇഷാൻ ഓടി കയ്യിലൊതുക്കുകയായിരുന്നു. ആദ്യ പത്തോവർ പിന്നിടുമ്പോള്‍ കിവീസ് 88/5 എന്ന നിലയിലേക്ക് പതറിയിരുന്നു.

പിന്നീട് ഇന്ത്യ ചടങ്ങ് തീർക്കുകയായിരുന്നു. ഒരറ്റത്ത് ക്യാപ്ടൻ മിച്ചല്‍ സാന്റ്നർ ചെറുത്തുനിന്നെങ്കിലും മറുവശം ചിതറി.ബുംറ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്ഷർ പട്ടേല്‍ മൂന്ന് പേരെ മടക്കി അയച്ചു. ഹാർദിക്കിനും വരുണിനും അഭിഷേകിനും ഓരോ വിക്കറ്റ് ലഭിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.