മറ്റൊരാൾക്കായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി; പ്രകൃതിയുടെ കലിതുള്ളലിൽ നൻമയുടെ തിരിനാളമായി രാജേഷ് വിടവാങ്ങി
Editors Pick
August 05, 2026 | 07:21 AM
പ്രകൃതിയുടെ കലിതുള്ളലിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവൻ വെടിഞ്ഞ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ (40) വേർപാട് നാടിന് നോവാകുന്നു. കാര്യങ്കോട് പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്ന് ചൊവ്വാഴ്‌ച ഉച്ചയോടെയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്താനായി.
മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ ശബനിയിലെ ബെന്നിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. ഉരുൾപൊട്ടിയൊഴുകിയെത്തിയ മലവെള്ളത്തിൽ തുരുത്തിൽ കുടുങ്ങിയ ബെന്നിയെ രക്ഷിക്കാൻ രാജേഷും സംഘവും റാഫ്റ്റിലെത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ബെന്നിയെ കരയിലെത്തിക്കാൻ തന്റെ ലൈഫ് ജാക്കറ്റ് ഊരി നൽകിയ രാജേഷ്, കയറിൽ തൂങ്ങി കരയിലേക്ക് നീങ്ങുന്നതിനിടെ കടുപ്പമേറിയ കുത്തൊഴുക്കിൽപ്പെടുകയായിരുന്നത്.
ഏതൊഴുക്കിനെയും മറികടക്കാനും പാറക്കെട്ടുകളിൽ വടം ഉപയോഗിച്ച് കയറാനും ശേഷിയുള്ള നീന്തൽ വിദഗ്ധനായിരുന്ന രാജേഷ്. ട്രിവാൻഡ്രം അഡ്വഞ്ചർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ക്ലബ് പ്രസിഡന്റായ രാജേഷിന്റെ ആത്മവിശ്വാസവും ശേഷിയും കണക്കിലെടുത്ത് അവൻ തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഞായറാഴ്ച വരെ സുഹൃത്തുക്കളും ബന്ധുക്കളും.
തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റുവിള രാജേഷ് ഭവനിൽ രാജേഷിനായി ബന്ധുക്കളും നാട്ടുകാരും ശിഷ്യന്മാരും ഉൾപ്പെടെയുള്ളവർ മീൻതുള്ളിയിലെത്തി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അച്ഛൻ രാജശേഖരൻ, കല്ലിയൂർ പഞ്ചായത്തംഗം കെ. മഹേഷ് എന്നിവരും തിരച്ചിൽ സംഘത്തോടൊപ്പമുണ്ടായിരുന്നത്. നാലു ദിവസത്തെ നീണ്ട പ്രതീക്ഷകൾക്കൊടുവിൽ മൃതദേഹം കണ്ടെത്തിയതോടെ ചെറുപുഴയാകെ ദുഃഖത്തിലാണ്ടത്. സ്വന്തം ജീവൻ തൃണവൽഗണിച്ച് മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ത്യാഗം നാട്ടുകാരുടെ മനസ്സിൽ നോവായി ശേഷിക്കുകയാണ്.
Comments