100% പരിശുദ്ധമല്ല.ഡാബർ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കേന്ദ്രം
Editors Pick
August 05, 2026 | 04:33 AM
രാജ്യത്തെ മുൻനിര നിത്യോപയോഗ സാധനങ്ങളുടെ ഉൽപന്ന ഭീമന്മാരായ 'ഡാബർ ഇന്ത്യ ലിമിറ്റഡ്' കമ്പനി നെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. ഉൽപന്നങ്ങളിൽ '100 ശതമാനം' പരിശുദ്ധി എന്ന വകാശപ്പെടുന്ന പരസ്യങ്ങൾക്കും ലേബലുകൾക്കും വിലക്കേർപ്പെടുത്തി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ(എഫ്എസ്എസ്എഐ) നടപടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതുമായ അവകാശവാദങ്ങൾ ഉൽപന്നങ്ങളുടെ പാക്കറ്റുകളിലും വെബ്സൈറ്റുകളിലും നൽകുന്നത് ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാബർ ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
വിലക്ക് ബാധകമായിരിക്കുന്നത് നെയ്യ്, വെളിച്ചെണ്ണ,തേൻ, തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ഉൽപന്നങ്ങൾക്കാണ്.ഡാബർ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് (അഡ്വർടൈസിങ് ആൻഡ് ക്ലെയിംസ്) റെഗുലേഷൻസ്, 2018' ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരിശോധനയിൽ വ്യക്തമായതെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.
ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ '100% പ്രകൃതിദത്തം', '100% പരിശുദ്ധം', '100% പരിശുദ്ധി ഉറപ്പ്', '100% ഓർഗാനിക്', '100% കരിക്കിൻ വെള്ളം' എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് വ്യക്തതയില്ലാത്തതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. വ്യവസായികാടിസ്ഥാനത്തിൽ സംസ്‌കരിക്കപ്പെടുകയോ പാക്ക് ചെയ്യപ്പെടുകയോ ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ യാതൊരുവിധ അന്യവസ്തുക്കളോ പ്രോസസിങ് ഘടകങ്ങളോ ഇല്ലെന്ന് '100% പരിശുദ്ധി' എന്ന വാക്ക് കൊണ്ട് സ്ഥാപിച്ചെടുക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള വാചകങ്ങൾ ശാസ്ത്രീയമായി നിർണയിക്കാനോ സാക്ഷ്യപ്പെടുത്താനോ കഴിയില്ലെന്നിരിക്കെ, ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ പരത്തി ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും മറ്റ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിൽ അനാവശ്യമായ അവകാശവാദങ്ങൾ ഉൽപന്നങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് എഫ്.എസ്.എസ്.എ.ഐ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക് ഉത്തരവ് ബാധിക്കുന്ന പ്രധാന ഡാബർ ഉൽപന്നങ്ങൾ ഇവയാണ്.
ഡാബർ ഓർഗാനിക് ഹണി: തേൻ ഉൽപന്നങ്ങളിൽ തങ്ങളുടെ പരിശുദ്ധി 100 ശതമാനമാണെന്ന പ്രചാരണം നിർത്തിവയ്ക്കാൻ നിർദേശം.
ഡാബർ പശുവിൻ നെയ്യ്: പരിശുദ്ധവും പ്രകൃതിദത്തവുമാണെന്നതു സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ നീക്കം ചെയ്യണം.
ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനെഗർ: ഓർഗാനിക് അവകാശവാദങ്ങൾക്കും അംഗീകാരമില്ലാത്ത ലോഗോ ഉപയോഗത്തിനും വിലക്ക്.
ഡാബർ ഹോംമേഡ് തേങ്ങാപ്പാൽ: '100% പരിശുദ്ധി' വാഗ്ദാനം ചെയ്ത് വിപണിയിലിറക്കിയ കോക്കനട്ട് മിൽക്കിന് കാരണം കാണിക്കൽ നോട്ടീസ്.
വെർജിൻ വെളിച്ചെണ്ണ: വ്യാജമായ സുതാര്യത അവകാശവാദങ്ങൾക്കെതിരെ നടപടി.
എള്ളെണ്ണ: ഉൽപന്ന പാക്കറ്റുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പദപ്രയോഗങ്ങൾക്ക് തടസ്സം.
കരിക്കിൻ വെള്ളം: പാക്ക് ചെയ്ത കരിക്കിൻ വെള്ളം 100 ശതമാനം തനത് പ്രകൃതിദത്തമാണെന്ന വാദം പിൻവലിക്കണം.
Comments