സ്വകാര്യ ആശുപത്രിയിൽ അനാസ്ഥ: സാമൂഹ്യപ്രവർത്തകന്റെ കാൽ മുറിച്ചുമാറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
Editors Pick
October 09, 2026 | 05:10 AM
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ ഇബ്രാഹിം പി.എമ്മിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നത് ജൂനിയർ ഡോക്ടറുടെ ഗുരുതരമായ അനാസ്ഥയും നിയമലംഘനവും മൂലമാണെന്ന വിവരങ്ങൾ പുറത്ത്. വിവര അവകാശ നിയമപ്രകാരം ആർ.ടി.ഐലഭിച്ച രേഖകളാണ് ആശുപ്രതി അധികൃതരുടെയും ഡോക്ടറുടെയും വീഴ്ചകൾ പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ എസ്.ഐ.ടി നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം പി.എം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകി.
2025 ജനുവരി 10 മുതൽ 21 വരെയുള്ള തീയതികളിൽ കാലിലെ മാംസം വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയക്കായി ഫ്ലാപ് സർജറി ആണ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സീനിയർ കൺസൾട്ടന്റുമാരുടെ മെഡിക്കൽ ടീം ചികിത്സ നൽകുമെന്ന് വാഗ്ദാനം നൽകിയാണ് രോഗിയെ ആശുപത്രി അധികൃതർ പ്രവേശിപ്പിച്ചത്. എന്നാൽ, സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാതെ മറ്റൊരു ആശുപത്രിയിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന, സ്വതന്ത്രമായി ശസ്ത്രക്രിയ ചെയ്ത് പരിചയമില്ലാത്ത ജൂനിയർ ഡോക്ടറാണ് ചികിത്സ നടത്തിയത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അനുമതിയില്ലാതെ അനധികൃതമായാണ് ഈ ഡോക്ടർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതെന്നും രേഖകൾ വ്യക്തമാക്കുന്നു.
രോഗിയെ പരിശോധിച്ച കാർഡിയോളജിസ്റ്റ് 'കാൽ മുറിച്ചുമാറ്റരുത്' എന്ന് ചികിത്സാ ഫയലിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും, ജൂനിയർ ഡോക്ടർ ഈ നിർദ്ദേശം അവഗണിക്കുകയായിരുന്നു. രോഗിയുടെ കാലിൽ അണുബാധ പടരുകയോ രക്തയോട്ടം തടസ്സപ്പെടുകയോ ചെയ്തിരുന്നില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ഭാവിയിലെ നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിയാനും സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനുമാണ് കാൽ മുറിച്ചുമാറ്റിയതെന്നാണ് ആരോപണം.
കൂടാതെ, രോഗിയെ നേരിട്ട് കാണാത്ത സീനിയർ ഡോക്ടറുടെ പേരിൽ വൻ തുക ഈടാക്കുകയും ചികിത്സാ രേഖകളിൽ നിന്ന് ജൂനിയർ ഡോക്ടറുടെ പേര് മറച്ചുവെക്കുകയും ചെയ്തു. ഡി.എം.ഒ ഓഫീസിലെ ചില ഉദ്യോഗസ്ഥർ കുറ്റക്കാരനായ ഡോക്ടറെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു.
ഗുരുതരമായ ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കും, വഞ്ചന കാട്ടിയ ആശുപത്രി മാനേജ്‌മെന്റിനും, കുറ്റക്കാർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇബ്രാഹിം പി.എമ്മിന്റെ ആവശ്യം.
Comments