ഭിന്നശേഷിക്കാർക്ക് യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കണം; ബസ്സുകളിൽ പുറത്തേക്ക് തുറക്കുന്ന ഫുട്ബോർഡും വീൽചെയർ ട്രാക്കും നിർബന്ധമാക്കണം - കെഡിഎഫ് സർക്കാരിന് പ്രോജക്ട് സമർപ്പിച്ചു
Editors Pick
October 08, 2026 | 02:10 PM
കടലുണ്ടി നഗരം: കേരളത്തിൽ ഭിന്നശേഷിക്കാർ നേരിടുന്ന യാത്രാ ദുരിതത്തിനും പ്രവേശന പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള ഡെവലപ്മെന്റ് ഫോറം (കെഡിഎഫ്) സർക്കാരിന് സമഗ്ര പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചു.
കേരളത്തിൽ ഏകദേശം 10 ലക്ഷത്തോളം ഭിന്നശേഷിക്കാർ ഉണ്ട്. RPWD Act 2016 പ്രകാരം പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം എന്ന് നിയമമുണ്ടെങ്കിലും ഇന്നും കേരളത്തിൽ ഇത് കടലാസിൽ മാത്രമാണ്. ഒരു വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിക്ക് ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങി ബസ് കയറാനോ, ഒരു സർക്കാർ ഓഫീസിൽ കയറാനോ, ഒരു റോഡിലൂടെ സഞ്ചരിക്കാനോ സാധിക്കുന്നില്ല. ഇവർ വീടുകളിൽ അടച്ചിടപ്പെടുന്ന അവസ്ഥയാണെന്ന് കെഡിഎഫ് ചൂണ്ടിക്കാട്ടി.
*പ്രധാന പ്രശ്നങ്ങൾ ഇങ്ങനെ:*
പൊതു ബസ്സുകളിൽ വീൽചെയർ കയറ്റാൻ സംവിധാനമില്ല. ഫുട്ബോർഡ് ഉയരം കൂടുതലാണ്. ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ലിഫ്റ്റ്, റാമ്പ് സൗകര്യം ഇല്ല. ഓട്ടോ, ടാക്സി ഡ്രൈവർമാർ വീൽചെയർ കണ്ടാൽ കയറ്റാൻ മടിക്കുന്നു. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ പോലും ശരിയായ വീൽചെയർ റാമ്പ് ഇല്ല, ഉണ്ടെങ്കിൽ തന്നെ 45 ഡിഗ്രി ചരിവുള്ള അപകടകരമായ റാമ്പ് ആണ്. കേരളത്തിലെ 90% റോഡുകൾക്കും നടപ്പാത ഇല്ല.
*കെഡിഎഫ് മുന്നോട്ട് വെക്കുന്ന 3 നൂതന പരിഹാരങ്ങൾ:*
*1. പുറത്തേക്ക് തുറക്കുന്ന ഫുട്ബോർഡുള്ള ഭിന്നശേഷി സൗഹൃദ ബസ്:*
ഇതാണ് പ്രോജക്ടിലെ ഏറ്റവും പ്രധാന നൂതന ആശയം. വിദേശ രാജ്യങ്ങളിലെ പോലെ ലിഫ്റ്റ് വെക്കുന്നത് കേരളത്തിലെ ബസ്സുകൾക്ക് പ്രായോഗികമല്ല.
പകരം, ബസ്സിന്റെ നടുക്കത്തെ ഡോറിന്റെ ഭാഗത്തെ ഫുട്ബോർഡ് സാധാരണ സമയത്ത് മടക്കി വെക്കാവുന്ന രീതിയിൽ ആയിരിക്കും. വീൽചെയർ കയറേണ്ടി വരുമ്പോൾ ഡ്രൈവർ ഒരു ബട്ടൺ അമർത്തിയാൽ ഈ ഫുട്ബോർഡ് ഹൈഡ്രോളിക് ആയി പുറത്തേക്ക്, ഫുട്പാത്തിലേക്കോ റോഡിലേക്കോ ഒരു ചെറിയ പാലം / റാമ്പ് പോലെ തുറന്നു വീഴും. ഇത് റോഡിൽ നിന്ന് ബസ്സിലേക്ക് ഒരു നേരിട്ടുള്ള പാത്ത്‌വേ ആകും.
ബസ്സിന്റെ ഉള്ളിൽ നടുക്കത്തെ ഡോറിന് സമീപം സീറ്റ് ഇല്ലാത്ത ഒരു പ്രത്യേക ഭാഗത്ത് വീൽചെയർ ലോക്ക് ചെയ്യാനുള്ള സംവിധാനവും സേഫ്റ്റി ബെൽറ്റും ഉണ്ടാകും. അവിടെ ഇരുന്നുതന്നെ സുരക്ഷിതമായി യാത്ര ചെയ്യാം. ഇത് KSRTC ക്കും സ്വകാര്യ ബസ്സിനും നിർബന്ധമാക്കണം.
*2. എല്ലാ കെട്ടിടങ്ങൾക്കും വീൽചെയർ പാത്ത്‌വേ നിർബന്ധമാക്കുക:*
പുതിയ കെട്ടിടത്തിന് പെർമിറ്റ് കൊടുക്കുമ്പോൾ സ്റ്റാൻഡേർഡ് 1:12 ചരിവുള്ള റാമ്പ്, വീൽചെയർ കയറുന്ന വലിയ ലിഫ്റ്റ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവ നിർബന്ധമാക്കണം. പഴയ എല്ലാ സർക്കാർ കെട്ടിടങ്ങളിലും 6 മാസത്തിനകം റാമ്പ് നിർമ്മിക്കണം.
*3. റോഡ് നിർമ്മാണത്തിൽ വീൽചെയർ ട്രാക്ക് നിർബന്ധമാക്കുക:*
കേരളത്തിൽ ഒരു റോഡ് നിർമ്മിക്കുമ്പോഴോ റീ-ടാറിംഗ് ചെയ്യുമ്പോഴോ നിർബന്ധമായും ഇരുവശത്തും ഫുട്പാത്ത് നിർമ്മിക്കണം. ആ ഫുട്പാത്തിൽ തന്നെ 1 മീറ്റർ വീതിയിൽ വീൽചെയർ ട്രാക്ക് വേറെ ടൈൽ പാകി മാർക്ക് ചെയ്യണം. ഇലക്ട്രിക് വീൽചെയർ ആയാലും സാധാരണ വീൽചെയർ ആയാലും ഒരാൾക്ക് സ്വന്തമായി പോകാൻ പറ്റുന്ന രീതിയിൽ ഇത് രൂപകൽപ്പന ചെയ്യണം.
ഈ മൂന്ന് കാര്യങ്ങൾ നടപ്പിലാക്കിയാൽ കേരളത്തിലെ 10 ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്ക് അന്തസ്സോടെ പുറത്തിറങ്ങി നടക്കാൻ പറ്റുമെന്നും കെഡിഎഫ് അറിയിച്ചു.
സാമൂഹ്യനീതി വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് പ്രോജക്ട് സമർപ്പിച്ചതായി *കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, ജോയിന്റ് സെക്രട്ടറി പി.പി. സുബൈർ, ഷൈനി പട്ടാളത്തിൽ, അഡ്വക്കേറ്റ് രവി റാഫി* എന്നിവർ അറിയിച്ചു.
Comments